
ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍
പ്രൊഫ. സി.കെ മൂസ്സത്
മതം ശാസ്ത്രവിരുദ്ധമായ ഒരു പിന്തിരിപ്പന് ആശയമാണെന്ന് ചിലര്‍ ധരിച്ചുവശായിട്ടുണ്ട്. ചിലര്‍ അവിടന്ന് കടന്നു മതവിരുദ്ധമായ കോപ്രായങ്ങള്‍ സംഘടിപ്പിച്ചു തങ്ങളുടെ ശാസ്ത്രീയ വീക്ഷണത്തെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു! കൂട്ടത്തില്‍ പറയട്ടെ, ആധുനിക ശാസ്ത്രവും വ്യവസായവല്‍ക്കരണവും പരിസരദൂഷണത്തിനും മാനുഷിക ബന്ധങ്ങളുടെ അപചയത്തിനും മാത്രമെ കാരണമായിട്ടുള്ളു എന്ന് ചിലര്‍ മറുവശമാണ് മുറുകെ പിടിക്കുന്നത്. സത്യം ഇരു ചേരിയിലും ഇല്ലെന്നതാണ് വസ്തുത. ഇസ്ലാം മതം ശാസ്ത്രവിരുദ്ധമല്ലെന്നും ശാസ്ത്രത്തിന്റെ പുരോഗതിക്ക് കനത്ത സംഭാവനകള്‍ നല്കാന് പ്രേരണ ചെലുത്തിയെന്നും പ്രസിദ്ധ രസതന്ത്രശാസ്ത്രജ്ഞനും ബങ്കാള്‍ ഫാര്മസൂട്ടിക്കല്സിന്റെ സ്ഥാപകനും ആയ ആചാര്യ പി.സി. റേ അലിഗര്‍ സര്‍വ്വകലാശാലയുടെ പ്രഥമ ബിരുദദാന പ്രസംഗത്തില്‍ അനുസ്മരിച്ചതും 35 വര്‍ഷം മുമ്പ് തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഉടന്‍ ആ പ്രസംഗം ലേഖന രൂപത്തില്‍ മലയാളത്തിലാക്കി ഒരു വാരികയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഈ വസ്തുത ഓര്‍മ്മിപ്പിക്കുന്നു രണ്ടു വിശിഷ്ട ഗ്രന്ഥങ്ങള്‍ എന്റെ മുമ്പിലുണ്ട്. റിസാലെ ദീനിയ്യാത്ത് എന്ന് ഉര്‍ദു ഗ്രന്ഥത്തിന്റെ പരിഭാഷയായ ഇസ്ലാംമതം എന്ന പുസ്തകവും ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍(രണ്ടാം ഭാഗം) എന്ന സ്വതന്ത്ര കൃതിയും. മതവും ശാസ്ത്രവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന വസ്തുതയെ അഭിവൃഞ്ജിപ്പിക്കുന്നതുകൊണ്ടാണ് ഞാനവയെ വിശിഷ്ടമെന്ന് വിശേഷിപ്പിച്ചത്.
മൗലാന മൗദൂദിയുടെ ഉര്ദുഗ്രന്ഥത്തിന്റെ ആദ്യപതിപ്പ് 1942-ല്‍ പ്രസിദ്ധീകൃതമായി. 1945-ല്‍ നാലാം പതിപ്പ് വേണ്ടിവന്നു. ആ നാലാം പതിപ്പിനു തയാറാക്കിയ മലയാള വിവര്‍ത്തനത്തിന്റെ അഞ്ചാം പതിപ്പാണ് നമ്മുടെ മുമ്പിലുള്ളത്. സാമാന്യം ജനപ്രീതി നേടിയ പ്രസിദ്ധീകരണം.
'ആധുനിക വിദ്യാര്‍ഥികളുടെ അഭിരുചിക്കൊത്തവണ്ണം ഇസ്ലാമിക വിദ്യാഭ്യാസം നല്കാതിരുന്നതിന്റെ ഫലമായി ഇസ്ലാമിനോടവര്ക്ക് അവജ്ഞ ജനിക്കുകയും സയന്‍സിനെ ദൈവവാക്യമെണോണം അവര്‍ കണ്ണടച്ചു വിശ്വാസിക്കുകയും ചെയ്തു. കാര്യകാരണ സഹിതം കാര്യങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങളുടെ അഭാവമാണ് നമ്മുടെ സംസ്കാരാപചയത്തിന് മുഖ്യകാരണ''മെന്ന് മുഖവുരയില്‍ ചൂണ്ടിക്കാട്ടിയത് പ്രതിപാദ്യത്തിലേക്ക് വീരല്‍ ചൂണ്ടുന്നു.
നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് യാത്ര തുടങ്ങിയ അനുഷ്ഠാനങ്ങളുടെ സൈദ്ധാന്തികവും സാമൂഹ്യപരവുമായ പ്രസക്തിയെ പുതിയ ശൈലിയില്‍ ഗ്രന്ഥകര്‍ത്താവ് അവതരിപ്പിച്ചത് പ്രത്യേകം ആസ്വാദ്യമായിട്ടുണ്ട്. പ്രസിദ്ധ ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ പുതിയ പതിപ്പുകളില്‍ വന്നതും മലയാള വിവര്ത്തനക്കുറിപ്പുകളിലും അടിക്കുറിപ്പുകളായി ചേര്‍ത്തതും ഗ്രന്ഥത്തിന്റെ ആസ്വാദ്യതക്കും ആധികാരികതക്കും മാറ്റുകൂട്ടി. ശരീഅത്ത് നിയമങ്ങളെക്കുറിച്ച് ഗ്രന്ഥാന്ത്യത്തില്‍ ചേര്‍ത്ത അപഗ്രഥനം അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയതയെ തെളിയിക്കുന്നു. 'മനുഷ്യന് ദോഷമൊ കഷ്ടനഷ്ടങ്ങളൊ സംഭവിപ്പിക്കുന്ന സകല സംഗതികളും ശരീഅത്ത് വിരോധിച്ചിരിക്കുന്നു. ലഹരി പദാര്‍ഥങ്ങള്‍, പന്നി മാംസം, ഹിംസ്രമൃഗങ്ങള്‍, വിഷ ജീവികള്‍, മലിന പ്രാണികള്‍ എന്നിവ ഭക്ഷിക്കുന്നത് നിയമ വിരുദ്ധമാക്കിയിരിക്കുന്നു. കാരണം മനുഷ്യന്റെ ആരോഗ്യം, സ്വഭാവം, ബുദ്ധിശക്തി, ആത്മീയ വളര്‍ച്ച എന്നിവക്ക് ഹാനികരമാണ് എന്നതുതന്നെ'' (പേജ്: 191) 'ചുതുകളി, ചട്ടിക്കളി, ലോട്ടറി എന്നിവയും തടഞ്ഞിരിക്കുന്നു. കാരണം അവയില്‍ ഒരു വ്യക്തിയുടെ ലാഭം ആയിരക്കണക്കായ ജനങ്ങളുടെ നഷ്ടത്തെ ഉണ്ടാക്കുന്നു'' (പേജ്: 193). ലളിത ജീവിതത്തിന്റെ പ്രാധാന്യം ശരീഅത്ത് അംഗീകരിച്ചു എന്നതും ശ്രദ്ധേയമത്രെ. 'ജനങ്ങളോടെല്ലാം സത്യസന്ധതയോടും മര്യാദയോടും നീതിബോധത്തോടും കൂടി വര്‍ത്തിക്കണമെന്ന് ഇസ്ലാം കല്പിക്കുന്നു. ആരെയും കഷ്ടപ്പെടുത്തരുത്, ആരുടെ ഹൃദയത്തെയും വേദനിപ്പക്കരുത്, അന്യോന്യം സഹായിക്കുക, ദൈവം നിങ്ങള്‍ക്ക് സമ്പത്ത് നല്കിയിട്ടുണ്ടെങ്കില് അത് സ്വന്തം സുഖാഢംബരങ്ങളില്‍ മാത്രം ദുര്‍വ്യയം ചെയ്യാതെ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളത് ഇതര സഹോദരങ്ങളുടെ ആവശ്യങ്ങള്‍ക്കായി നല്‍കുക എന്ന് ഇസ്ലാം ഉപദേശിക്കന്നു. സ്വര്‍ണ്ണം, വെള്ളി മുതലായവകൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്. പുരുഷന്മാര് പട്ടുവസ്ത്രം ധരിക്കുന്നതും ധനം അനാവശ്യമായി കളിതമാശകളിലും ആഢംബരങ്ങളിലും ദുര്‍വ്യയം ചെയ്യുന്നതും ഇസ്ലാം വിരോധിച്ചിരിക്കുന്നു. കാരണം ആയിരക്കണക്കായ സമസൃഷ്ടികള്‍ക്ക് ആഹാരത്തിനുതകുന്ന സമ്പത്ത് ഒരു വ്യക്തി ധൂര്‍ത്തടിച്ചു കളയുന്നത് ശരിയല്ല; നിരവധി പേരുടെ വയര്‍ നിറയാന്‍ മതിയാവുന്ന ധനം കേവലം ഒരാവരണത്തിന്റെ രൂപത്തില്‍ ഒരാളുടെ ശരീരത്തില്‍ തൂങ്ങിക്കിടക്കുകയോ ഒരു പാത്രത്തിന്റെ രൂപത്തില്‍ ഒരാളുടെ മേശപ്പുറത്ത് അലങ്കരിക്കുകയോ ഒരു പരവതാനിയുടെ രൂപത്തില്‍ ഒരാളുടെ മുറിയെ പ്രശോഭിപ്പിക്കുകയോ ചെയ്യുകയെന്നത് അക്രമമാണ്.'' മഹാത്മാഗാന്ധിയുടെ ട്രിസ്റ്റ്ഷിപ്പ് തത്വങ്ങളെ അനുസ്മരിപ്പിക്കുന്ന ശരീഅത്ത് നിയമ വിവരണം ജന നേതാക്കന്മാരും ഭരണാധിപന്മാരും അവശ്യം വായിച്ചിരിക്കേണ്ടതാണെന്ന് പറഞ്ഞു പോവുകയാണ്. ഇത് അന്ധവിശ്വാസമാണെങ്കില്, പായസത്തിന്റെ കയ്പ് തനിക്കിഷ്ടമാണെന്ന് കുഞ്ചന്‍ പറഞ്ഞതുപോലെ, നമുക്ക് തോന്നിപ്പോവുകയാണ്; ഒരു വേള അന്ധവിശ്വാസമായാലും കുഴപ്പമില്ല എന്ന് ഇസ്ലാം എന്ന്. വെക്കേണ്ട, ഒരു മതവും ശാസ്ത്രത്തിനെതിരല്ല. ശാസ്ത്രത്തിന്റെ മനുഷ്യത്വ ഹീനമായ വിനിയോഗത്തെ മതബോധം തടയുന്നു. മതം അന്ധവിശ്വാസമായി കാലാന്തരത്തില്‍ തരം താഴുമ്പോള്‍ ശാസത്രീയ വിചിന്തനത്തിന്റെ വെളിച്ചത്തില്‍ മതതത്വങ്ങള്‍ പുനരാഖ്യാനം ചെയ്യുന്നതു കാലത്തിന്റെ ആവശ്യമാണ്. മതബോധത്തിന്റെയും ശാസ്ത്രവീക്ഷണത്തിന്റെയും സമന്വയമാണ് യുഗധര്‍മ്മം.
ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ (രണ്ടാം ഭാഗം) വളരെ താല്പര്യത്തോടെയാണ് വായിച്ചത്. വിജ്ഞാന കൈരളിയില്‍ നിരൂപണം ചെയ്ത ഒന്നാം ഭാഗത്തെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടിട്ടുണ്ട് രണ്ടാം ഭാഗം, സംശയമില്ല. വിവിധ മതസാഹിത്യങ്ങളുടെ മുലസ്രോതസ്സുകളിലേക്കിറങ്ങി ആന്തരികമായ 'ഏകത്വം കണ്ടെത്താനുള്ള ബോധപൂര്‍വമായ ശ്രമം ഈ ഗ്രന്ഥത്തിലുടനീളം കാണുന്നു. ഡോ. അയ്യപ്പന്, കെ.എം. പണിക്കാര്, ഡോ. രാധാകൃഷ്ണന്, ബര്‍ട്രാണ്ട് റസ്സൂല്‍, ഐന്സ്റ്റിന് തുടങ്ങിയ പ്രഗദ്ഭരുടെ കൃതികളില്ിന്ന് ധാരാളം ഉദ്ധരണികള്‍ ചേര്‍ത്തതും ഗ്രന്ഥത്തിന്റെ മൂല്യത്തെ ഉയര്‍ത്തുന്നു.
ആദ്യത്തെ ഏഴധ്യായങ്ങളില്‍ വിവരിച്ച കാര്യങ്ങള്‍ എട്ടാം അധ്യായത്തില്‍ സംഗ്രഹിച്ചു അവലോകനം ചെയ്തശേഷം ഭാരതീയ സംസ്കാരത്തിന്റെ കാതലായ ഭാഗത്തേക്ക് ഗ്രന്ഥകാരന് പ്രവേശിക്കുന്നു. പേര്‍ഷ്യന്‍ ഭാഷക്കും സംസ്കൃത ഭാഷക്കും പൊതുവായി പല സമാന പദങ്ങള്‍ ഉള്ള സംഗതി എടുത്തുകാട്ടി, അറബ് രാജ്യങ്ങളിലും ഭാരതത്തിലും പുലര്‍ന്ന സംസ്കാരത്തിന്റെ അടിയൊഴുക്കില്‍ ഐക്യം കാണുവാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ 'ഹേന'യാണ് സംസ്കൃതത്തിലെ 'സേന'. സ്വര്‍ണത്തിന് പേര്‍ഷ്യയില്‍ സരണ്യ എന്ന് പറയുമ്പോള്‍, സംസ്കൃതം 'ഹിരണ്യ' പദത്തെ സ്വീകരിച്ചു. 'ഹ', 'സ' എന്നിവ പരസ്പരം മാറ്റം ചെയ്യപ്പെടുന്നു എന്ന് സാരം, നമ്മുടെ പുളിക്ക് ഇംഗ്ലീഷില്‍ താമറിന്റെ എന്നായത് അറബി ഭാഷയുടെ സ്വാധീനം കൊണ്ടാണ്. ഇന്ത്യയിലെ ഈത്തപ്പഴം എന്ന അര്‍ത്ഥ ത്തിലാണ് Tamarind പ്രയോഗത്തിലായത്. പ്രഥമാധ്യായത്തോട് യോജിപ്പുള്ള ഋഗ്വേദസുക്തം ഗ്രന്ഥകര്‍ത്താവ് വള്ളത്തോള്‍ തര്‍ജമയില്‍നിന്ന് എടുത്ത് കാണിക്കുന്നുണ്ട്. ഭാരത സംസ്കാരത്തിന്റെ സങ്കര സ്വഭാവത്തെ പരിശോധിക്കാനും അതിനെ സമ്പന്നമാക്കാന്‍ അറേബ്യ-പേര്‍ഷ്യാ തുടങ്ങിയ രാജ്യങ്ങള്‍ നല്കിയ ആദ്യകാല സംഭാവനകളെ എടുത്തുകാട്ടാനും ഗ്രന്ഥകര്‍ത്താവ് സഫലശ്രമം നടത്തിയിട്ടുണ്ട്.
മതതത്വങ്ങള്‍ ജനായത്ത വിശ്വാസങ്ങള്‍ക്കോ സാമൂഹ്യനീതിക്കോ എതിരായി കാണേണ്ടതില്ലെന്നും ശാസ്ത്രത്തെ മനുഷ്യവല്‍ക്കരിക്കാനും മതത്തെ ശാസ്ത്രയുഗപ്രസക്തമാക്കാനും ശ്രമിക്കയാണ് അഭിലഷണീയമെന്നും ഈ ഗ്രന്ഥങ്ങള്‍ നമ്മെ ഉല്ബോധിപ്പിക്കുന്നു. നല്ല ഭാഷ, മിതമായ വില, ആകര്‍ഷകമായ പ്രസാധനം എന്നിവ തുടര്‍ന്നുള്ള പ്രസിദ്ധീകരണങ്ങളിലും ദീക്ഷിക്കാന്‍ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ശ്രമിക്കുമെന്ന് വിശ്വസിക്കട്ടെ. (വിജ്ഞാന കൈരളി, 1978 ജൂണ്‍)